കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം ഇനിയും ദിവസങ്ങളേറെ ഉണ്ടെന്നിരിക്കെ തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് തളിപ്പറമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിയുടെ നടപടികളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അപ്രതീക്ഷിതമായാണ് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ. ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്.




