തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ നിലപാടിനെ തള്ളി മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ സസ്പെൻഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.എൽ. ഷിബുവിനും പി.കെ. സതീഷ് കുമാറിനും റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അഴിമതിയോ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഇരുവരും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും അനധികൃത സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളോ അധികാരദുർവിനിയോഗമോ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചട്ടങ്ങൾ പാലിച്ചും സത്യസന്ധമായ ഉദ്ദേശ്യത്തോടെയുമാണ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ.
ഉദ്യോഗസ്ഥരെ നിലവിലെ ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്നും അച്ചടക്കനടപടികൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കണമെന്നും ശുപാർശയുണ്ട്. ഉദ്യോഗസ്ഥരും ബാർ ലൈസൻസികളും ഉൾപ്പെടെ എട്ടുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്.
വകുപ്പിൽ നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റുന്നതിന് തൊട്ടുമുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും എറണാകുളം ജില്ലയിലെ രണ്ട് ബാറുകൾക്കും കോട്ടയം ജില്ലയിലെ ഒരു ബാറിനും ലൈസൻസ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയാണ് രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെയും വകുപ്പ് സസ്പെൻഡ് ചെയ്തത്.
ഇതിന് പിന്നാലെയാണ് കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി സാംബശിവ റാവു സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പ്രധാനപ്പെട്ട ആറോളം രേഖകൾ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ, മന്ത്രി, പാർട്ടി എന്നിവരുടെ അറിവോ അനുമതിയോ ഇല്ലാതെ ലൈസൻസ് അനുവദിച്ച നടപടി അംഗീകരിക്കാനാകില്ലെന്നും അത് സുതാര്യമല്ലെന്നും ഭരണതലത്തിൽ നിലപാട് ഉയർന്ന സാഹചര്യത്തിലാണ് മുൻ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവരുന്നത്.
രണ്ട് ഉദ്യോഗസ്ഥർക്കും പൂർണ പിന്തുണ നൽകുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് വകുപ്പിലും രാഷ്ട്രീയ നേതൃത്വത്തിലും പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങുകയാണ്.


