കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.) ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറി.
ആർ.പി.എഫ്. ഇന്റലിജൻസ് ഹെഡ് കോൺസ്റ്റബിൾ വി.കെ. വിനേഷാണ് ഡ്യൂട്ടിക്കിടെ നടത്തിയ പരിശോധനയിൽ 12-ഉം 5-ഉം വയസ്സുള്ള ആൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ തീവണ്ടിയിൽ ഒറ്റപ്പെട്ടുപോയെന്ന ചൈൽഡ്‌ലൈൻ അധികൃതരുടെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ 10.35-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ തൃശ്ശൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. കണ്ണൂർ കതിരൂർ സ്വദേശിനിയുടെ മക്കളാണ് ഒറ്റപ്പെട്ടത്.
പട്ടാമ്പിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ മാതാവും മൂന്ന് മക്കളും തീവണ്ടിയിൽ കയറിയിരുന്നു. കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ കുടിവെള്ളം വാങ്ങാനായി മാതാവും ഒരു കുട്ടിയും പുറത്തിറങ്ങി. എന്നാൽ അവർ മടങ്ങിയെത്തുന്നതിന് മുമ്പ് തീവണ്ടി സ്റ്റേഷൻ വിട്ടതോടെ രണ്ടുകുട്ടികൾ കമ്പാർട്ടുമെന്റിൽ കുടുങ്ങുകയായിരുന്നു.
പിന്നീട് എലത്തൂർ സ്റ്റേഷനിൽ തീവണ്ടിയെത്തിയപ്പോൾ ആർ.പി.എഫ്. പരിശോധനയ്ക്കിടെ കുട്ടികളെ കണ്ടെത്തി. ഒറ്റപ്പെട്ടുപോയ കുട്ടികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ വഴി മാതാവിനെ ബന്ധപ്പെടാനും വിവരമറിയിക്കാനും സാധിച്ചു.
തുടർന്ന് കുട്ടികളെ എലത്തൂരിൽ നിന്ന് മംഗലാപുരം–ചെന്നൈ എഗ്മോർ ട്രെയിനിലേക്ക് മാറ്റി കോഴിക്കോട് സ്റ്റേഷനിൽ എത്തിച്ച് മാതാവിന് കൈമാറി. എലത്തൂരിൽ സ്റ്റോപ്പില്ലാത്ത എഗ്മോർ ട്രെയിൻ പ്രത്യേകമായി നിർത്തി കുട്ടികളെ എത്തിക്കാൻ റെയിൽവേ സ്റ്റേഷൻ മാനേജർ ഇടപെട്ടു. ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.






