കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിനെ തുടർന്ന് അധ്യാപകരുടെ രാജി തുടരുന്നു. ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ഹാഷിം അലിയാണ് ഒടുവിൽ രാജിവെച്ചത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും ഉൾപ്പെട്ടിരുന്നു.
സംഭവത്തിൽ ആരോപണവിധേയരായ മറ്റ് അധ്യാപകരും ജീവനക്കാരും വരും ദിവസങ്ങളിൽ രാജിവെക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. മരണത്തിന് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധ്യാപകർ കൂടുതൽ സമ്മർദ്ദത്തിലായിട്ടുണ്ട്.
ദൃശ്യങ്ങളിൽ പ്രിൻസിപ്പലും മൂന്ന് അധ്യാപകരും ചേർന്ന് നിതിന്റെ ഫോൺ പരിശോധിക്കുന്നതായി കാണാം. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിതിൻ ആത്മഹത്യ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എച്ച്ഒഡി എം.കെ. റാമിനെ നേരത്തെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിതിനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. കൂടാതെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവർ ഇപ്പോഴും ഒളിവിലാണ്.
ഇവർ തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് നിതിന്റെ മരണത്തിന് കാരണമെന്നാണ് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കി തുടരുന്നു.




