മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കും. അപകടത്തിന് പിന്നാലെ മാനസികാഘാതത്തിലായ വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുമെന്നും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മന്ത്രി പറഞ്ഞു.
അധ്യാപകർ നഷ്ടപ്പെട്ട സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി നിയമനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച 9 പേരുടെയും സംസ്കാരം ഇന്ന് വിവിധയിടങ്ങളിൽ നടക്കും. അമ്പലപ്പറമ്പ് സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ വിനോദയാത്ര സംഘമാണ് വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്.
നിലവിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ഫാസിത്ത്, നൗഷാദ്, വിദ്യാർത്ഥികളായ ഷഹാദിൻ, മസ്നീൻ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.




