ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അവശ്യ മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും കയറ്റുമതിയിൽ ഉണ്ടായ ഇടിവുമാണ് പ്രധാന കാരണം. ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മരുന്ന് കമ്പനികൾ നഷ്ടത്തിലാകുന്ന സാഹചര്യമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആന്റിബയോട്ടിക്കുകൾ, കാൻസർ മരുന്നുകൾ, വിവിധ ഇഞ്ചക്ഷനുകൾ എന്നിവയ്ക്ക് മൂന്ന് മാസത്തേക്ക് വില വർധിപ്പിക്കാനുള്ള ശുപാർശയാണ് മന്ത്രാലയം പരിശോധിക്കുന്നത്.
ഇന്ത്യയിൽ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ ഭൂരിഭാഗവും ചൈനയും യൂറോപ്യൻ രാജ്യങ്ങളും നിന്നാണ് എത്തുന്നത്. എണ്ണവില ഉയർന്നതും പശ്ചിമേഷ്യയിലെ കപ്പൽ റൂട്ടുകൾ തടസ്സപ്പെട്ടതും ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (API) വില ഉയരാൻ കാരണമായി.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഘടകങ്ങൾ ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലെത്തുന്നത്. ഈ പ്രദേശത്തെ പ്രശ്നങ്ങൾ ആഗോള മരുന്ന് വിപണിയെയും വിതരണ ശൃംഖലയെയും ബാധിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതത്തിന് ഓരോ യാത്രയ്ക്കും 4,000 മുതൽ 8,000 ഡോളർ വരെ അധിക ചാർജ് ആവശ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.




