തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ശക്തമാകുന്നു. ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വ്യക്തത നേടുന്നതിനായാണ് ചോദ്യം ചെയ്യൽ നടന്നത്. കഴിഞ്ഞ ദിവസം ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു.
സ്വർണപ്പാളി കേസിനൊപ്പം ദ്വാരപാലക കേസ് സംബന്ധിച്ചും പ്രശാന്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉള്ള ബന്ധത്തെ കുറിച്ചറിയുന്നതിനാണ് അജികുമാറിനെ ചോദ്യം ചെയ്തത്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കെ കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളി ശിൽപം കൊണ്ടുപോയതിൽ അസാധാരണതയുണ്ടോ എന്നതാണ് എസ്ഐടി പരിശോധിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപുള്ള നടപടിയായാണ് ഈ ചോദ്യം ചെയ്യലെന്ന് സൂചന.






