തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സീല്‍ ചെയ്യാത്ത മുറികൾ ഉൾപ്പെടെ തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പേരാമ്പ്ര, നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തിലാണ് ഇത്തരത്തിലൊരു നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍.




