കോഴിക്കോട്: കാരാടിയിൽ അജ്ഞാതൻ വീട്ടിൽ കയറി 19-കാരിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്. വിസർജ്യം പുരട്ടിയ തുണി ഉപയോഗിച്ച് പെൺകുട്ടിയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായാണ് വിവരം. സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അടുക്കള മാലിന്യം കളയാൻ പുറകുവാതിൽ തുറന്ന് പുറത്തുപോയ സമയത്താണ് അജ്ഞാതൻ വീട്ടിൽ കടന്നത്.
കിടപ്പുമുറിയിൽ മൊബൈൽ നോക്കി കിടന്നിരുന്ന പെൺകുട്ടിയെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. പെട്ടെന്ന് പ്രതിരോധിച്ച് തള്ളിമാറ്റി ബഹളം വെച്ചതോടെ അജ്ഞാതൻ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.




