കാസർകോട്: ഷാർജയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആശുപത്രി ബിൽ അടയ്ക്കാനാകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായിരുന്ന കുടുംബത്തിന് അദ്ദേഹത്തിന്റെ ഇടപെടൽ വലിയ ആശ്വാസമായി.
കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാൽ മാർച്ച് 17 മുതൽ ഷാർജയിലെ ബുർജ് ആശുപത്രിയിൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിന്നീട് അദ്ദേഹം മരണപ്പെട്ടു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഏകദേശം മൂന്ന് ലക്ഷം ദിർഹം (ഏകദേശം 75 ലക്ഷം രൂപ) ആയിരുന്നു ആശുപത്രി ബിൽ. തുടർന്ന് അത് 2,17,000 ദിർഹമായി കുറച്ചെങ്കിലും കുടുംബത്തിന് ഈ തുകയും അടയ്ക്കാൻ സാധിച്ചില്ല.
ഇതോടെ ബന്ധുക്കൾ വിവിധ നേതാക്കളെയും സംഘടനകളെയും സമീപിച്ചു. പിന്നീട് സാദിഖലി തങ്ങളെ നേരിൽ കണ്ടതോടെ കാര്യത്തിൽ വഴിത്തിരിവുണ്ടായി. അദ്ദേഹം ആശുപത്രി ഉടമ ഡോ. ഷംസീർ വയലിലുമായും രാജ്യസഭാംഗം ഹാരിസ് ബീരാനുമായും ബന്ധപ്പെട്ടു കുടുംബത്തിന്റെ അവസ്ഥ വിശദീകരിച്ചു.
ഇതിനെ തുടർന്ന് ആശുപത്രി ബിൽ 40,000 ദിർഹമായി കുറച്ച് മൃതദേഹം വിട്ടുനൽകാൻ തയ്യാറായി. ബാക്കി തുക കണ്ടെത്താൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ, തണൽ, വിവിധ പ്രവാസി-വെൽഫെയർ സംഘടനകൾ ഉൾപ്പെടെ ഏകദേശം 13 സംഘടനകൾ മുന്നിട്ടിറങ്ങി. കൂടാതെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
മനുഷ്യത്വത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഇടപെടലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സഹായം നൽകിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും കെഎംസിസിക്കും വിവിധ സംഘടനകൾക്കും കുടുംബം നന്ദി രേഖപ്പെടുത്തി.




