ടെഹ്‌റാൻ: ഇറാനിൽ നിർണായക തീരുമാനങ്ങൾ ഇപ്പോൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)യിലെ ഉന്നത കമാൻഡർമാരുടെ കൂട്ടായ്മയാണ് കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ട്. യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയി നേരിട്ടുള്ള ഭരണനിയന്ത്രണത്തിൽ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് ഈ മാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മൊജ്താബ ഖമനേയിക്ക് മുഖത്തും കാലിലും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് സംസാരിക്കാനും സഞ്ചരിക്കാനും ബുദ്ധിമുട്ട് നേരിടുന്ന അദ്ദേഹം ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. കൂടുതൽ ചികിത്സയും പ്ലാസ്റ്റിക് സർജറിയും ആവശ്യമുണ്ടാകാമെന്നും സൂചനയുണ്ട്.
ഇതിനിടെ, ഭരണവും സൈനികതന്ത്രങ്ങളും ഐആർജിസിയുടെ ഉന്നത ഉദ്യോഗസ്ഥർ ചേർന്നുള്ള ‘ജനറൽ ബോർഡ്’ മാതൃകയിൽ നിയന്ത്രിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കൽ, യുഎസുമായുള്ള നയതന്ത്ര നീക്കങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളിലും ഇവരാണ് തീരുമാനങ്ങൾ എടുക്കുന്നത്.
മൊജ്താബ ഖമനേയിയുടെ പങ്ക് ഇപ്പോൾ പരിമിതമാണെന്നും, ചിലപ്പോൾ തീരുമാനങ്ങൾ എടുത്തശേഷം മാത്രമാണ് അദ്ദേഹത്തെ അറിയിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കൈയെഴുത്ത് കുറിപ്പുകൾ വിശ്വസ്തരായ ദൂതന്മാർ വഴി കൈമാറിയാണ് ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം സുരക്ഷാ കാരണങ്ങളാൽ പൊതുവിൽ നിന്ന് അകന്നു കഴിയുന്നതായും വിവരം.
പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.






