തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ നിലവിലെ അവസ്ഥ കാണുമ്പോൾ മുൻ മേയർ എന്ന നിലയിൽ തന്നെ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടുകയാണെന്നും ഹരിത കർമസേനയുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണെന്നും മന്ത്രി ആരോപിച്ചു. നഗരസഭയുടെ പ്രവർത്തനം റീൽ ഷൂട്ടിംഗിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തെരുവുനായ ശല്യം കാരണം ജനങ്ങൾക്ക് ഭയം നേരിടേണ്ടി വരുന്നു. കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിറ്റിയെ മാത്രം കുറ്റപ്പെടുത്തുന്നത് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. ഭരണാധികാരികൾക്ക് ഇച്ഛാശക്തിയില്ലെങ്കിൽ ജനങ്ങൾ ബുദ്ധിമുട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരസഭ ഭരണം അലംഭാവത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള പ്രശ്നത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്വമില്ലെന്ന മേയറുടെ നിലപാട് പരിഹാസ്യമാണ്. ബിജെപി ഭരണസമിതി പൂർണ പരാജയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വികസന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയവർ പിന്നീട് അവയെക്കുറിച്ച് മിണ്ടാതായെന്നും അദ്ദേഹം ആരോപിച്ചു. മുൻ പോലീസ് മേധാവികളായ ആർ. ശ്രീലേഖ, ടി.പി. സെൻകുമാർ എന്നിവരുടെ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. കൂടാതെ, പോലീസ് കമ്മിഷണറെ ഭീഷണിപ്പെടുത്തിയ സംഭവവും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും ചോദ്യം ചെയ്തു.
വേനൽ കടുത്തതോടെ പാമ്പ് ശല്യം വർധിച്ച സാഹചര്യത്തിൽ അടിയന്തര യോഗങ്ങൾ വിളിക്കണമെന്നും, നഗര പ്രദേശങ്ങൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും കളക്ടറോട് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.




