ദക്ഷിണകന്നട: ഉത്സവ ഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്നു എട്ടുപേർക്ക് പരിക്ക്. കർണാടകയിലെ ദക്ഷിണകന്നട ജില്ലയിലെ പുച്ചേ മോഗരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ദിവ്യഭണ്ഡാര ഘോഷയാത്രയുടെ ഭാഗമായാണ് സംഘം ക്ഷേത്രത്തിൽ നിന്ന് സമീപത്തെ ഒരു തറവാട്ടിലേക്ക് പോയിരുന്നത്. യാത്രയ്ക്കിടെ ജലാശയം കടക്കുന്നതിനായി നടപ്പാലത്തിലേക്ക് ആളുകൾ കയറിയപ്പോഴാണ് പാലം പെട്ടെന്ന് തകർന്നത്.
പാലം ഇടിഞ്ഞതോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ താഴേക്ക് വീണു. ചിലരുടെ മേൽ കല്ലുകളും വീണതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തതായി വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാലത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.




