കൊൽക്കത്ത: പശ്ചിമബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകൻ ദേബ്ദീപ് ചാറ്റർജി (43) കൊല്ലപ്പെട്ടതായി ആരോപണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭാര്യയും 10 വയസ്സുള്ള മകനും മുന്നിലിരിക്കെ ദേബ്ദീപ് ആക്രമിക്കപ്പെട്ടതായി കുടുംബം പറയുന്നു. ജന്മദിന പാർട്ടിയിൽ പങ്കെടുത്ത് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാർ ഇടിച്ചതാണ് തർക്കത്തിന് തുടക്കമായത്.
തുടർന്ന് ദേബ്ദീപ് കാറിൽ നിന്ന് ഇറങ്ങി ക്ഷമ ചോദിച്ചെങ്കിലും യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് തൃണമൂൽ കോൺഗ്രസ് കൗൺസിലറുമായി ബന്ധപ്പെട്ടതായി പറഞ്ഞതോടെയാണ് മർദ്ദനം ആരംഭിച്ചതെന്ന് ഭാര്യ പിയാലി ചാറ്റർജി ആരോപിച്ചു. കുടുംബത്തിന്റെ അപേക്ഷ അവഗണിച്ച് അതിക്രൂരമായി മർദ്ദിച്ചതായി അവർ പറഞ്ഞു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേബ്ദീപിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ “തൃണമൂൽ ഭീകരത” എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാർക്കിംഗ് തർക്കമാണ് സംഭവത്തിന് കാരണം എന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ അസൻസോൾ സൗത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നിൽ പ്രകടനം നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




