യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വിഡി സതീശനിൽ നിന്ന് തുടങ്ങി രമേശ് ചെന്നിത്തലയിലൂടെ സഞ്ചരിച്ച് കെസി വേണുഗോപാലും കടന്ന് ഇപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയിൽ വരെ എത്തിനിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. നേതാക്കളും സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ളവയും കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിക്കസേരയിൽ കാണണമെന്ന് പറയുമ്പോൾ കാര്യമായി അത് തിരുത്താത്ത ലീഗ് ഉള്ളിന്റെയുള്ളിലെങ്കിലും അങ്ങനെ ആഗ്രഹിക്കുന്നുമുണ്ടാകും. ആ അവകാശവാദത്തിന് ലീഗിനെ പ്രാപ്തരാക്കുന്നത് മലബാർ മേഖലയിലുള്ള തങ്ങളുടെ അധിശത്വം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലീഗ് ഇല്ലെങ്കിൽ യുഡിഎഫ് ഇല്ലെന്ന നിലയുള്ള മണ്ഡലങ്ങൾ വരെയുണ്ട്.
കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതൃയോഗത്തിന്റെ വിലയിരുത്തലുകളും ഈ അധീശത്വം അടിവരയിടുന്നത് തന്നെയാണ്. തങ്ങൾ മത്സരിച്ച 27 സീറ്റുകളിൽ 22 ഉം വിജയിക്കുമെന്നാണ് നേതൃയോഗത്തിന്റെ വിലയിരുത്തൽ. ഈ യോഗത്തിൽ വന്ന വിലയിരുത്തലുകൾ നമുക്ക് പരിശോധിക്കാം. മലപ്പുറം തൂത്തുവാരുമെന്നാണ് പറയുന്നത്. ജില്ലയിൽ ലീഗ് മത്സരിച്ച 12 സീറ്റുകളും ലഭിക്കും. ആകെയുള്ള 16 സീറ്റുകളിൽ കെടി ജലീൽ എതിരാളിയായി വന്ന തവനൂരിൽ മാത്രമാണ് യു.ഡി.എഫ്. കടുത്ത മത്സരം നേരിടുന്നത്. കോഴിക്കോട്ട് ലീഗിന്റെ നാലു സീറ്റുകളിൽ വിജയം ഉറപ്പാണ്. പേരാമ്പ്രയിലും കുന്ദമംഗലത്തും കടുത്തമത്സരമായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പേരാമ്പ്രയിൽ യുവജനങ്ങളുടെ വോട്ടുകൾ മറിഞ്ഞാൽ മാത്രമാണ് ഫാത്തിമ തഹിലിയക്ക് സാധ്യത എന്ന് ചെറിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിന് പോലും സാധ്യതയില്ലെന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഇടത് കോട്ടയായ പേരാമ്പ്രയിൽ ഫാത്തിമ എട്ടുനിലയിൽ തന്നെ പൊട്ടാനാണ് സാധ്യതകളേറെ. ഇനി കണ്ണൂർ ജില്ലയിലേക്ക് വരുമ്പോൾ അഴീക്കോട് വിജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലു കൂത്തുപറമ്പിൽ അവസാനസാധ്യതയേ നേതൃത്വം കല്പിക്കുന്നുള്ളൂ. കുറച്ചുകൂടി വടക്കോട്ട് പോയാൽ കാസർകോട്, മഞ്ചേശ്വരം സീറ്റുകളിൽ വിജയം ആവർത്തിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടൽ. നിലവിൽ 15 സീറ്റുകളാണ്.
അതിനുപുറമേ കോഴിക്കോട് സൗത്ത്, തിരുവമ്പാടി, താനൂർ, കുറ്റ്യാടി, കളമശ്ശേരി, അഴീക്കോട് സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കും. ഇക്കൂട്ടത്തിൽ അഴീക്കോടാണ് ശ്രദ്ധാകേന്ദ്രം. കഴിഞ്ഞതവണ ലീഗിന് നഷ്ടപ്പെട്ട അഴീക്കോട് മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കരീം ചേളേരിയാണ് ഇവിടെ ജനവിധി തേടിയത്. സിറ്റിങ് എംഎൽഎ കെവി സുമേഷ് തന്നെയാണ് സിപിഎം സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 21,857 വോട്ടിന്റെ വൻ ഭൂരിപക്ഷം നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി. ഇതാണ് ലീഗിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. കളമശ്ശേരിയിൽ പി രാജീവ് തോൽക്കുമെന്ന ഇടത് ആശങ്ക ലീഗിന്റെ വിലയിരുത്തൽ ശരിയാണെന്ന് അടിവരയിടുന്നതാണ്.
ബി ഗോപാലകൃഷ്ണന്റെ പ്രചാരണങ്ങളെ അതിജീവിച്ച് ഗുരുവായൂരിലും പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. യു.ഡി.എഫിന് 90-നും 100-നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്ന വിലയിരുത്തലാണ് കൂട്ടത്തിൽ ശ്രദ്ധേയം. നൂറു സീറ്റുവരെ കിട്ടാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും പറയുന്നുണ്ടെങ്കിലും നിലവിൽ സംസ്ഥാനത്ത് പുറത്ത് വന്ന ഒരു സർവേയും ഭരണം ഏത് മുന്നണി പിടിച്ചാലും 80ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നില്ല.
ഇനി ലീഗിന്റെ ഈ കണക്കുകൂട്ടലുകൾ പോലെ തന്നെ കാര്യങ്ങൾ നടക്കുകയാണെങ്കിലും യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിലും കാര്യങ്ങൾ സുഗമമാകുന്നതിന് പകരം കൂടുതൽ പോരിലേക്കും വിലപേശലിലേക്കും പോകാനും സാധ്യകൾ കാണുന്നുണ്ട്. ആദ്യം തമാശയ്ക്ക് പറഞ്ഞുതുടങ്ങിയതാണെങ്കിലും കേരള മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി എന്ന ടാഗ് ലൈൻ കൂടുതൽ നേതാക്കളും സാമുദായിക സംഘടനകളും ആവർത്തിച്ചു തുടങ്ങിയതോടെയാണ് സംഗതി അത്ര നിസാരമല്ല എന്ന് ഇത്രയും ദിവസം അടികൂടിയിരുന്ന കോൺഗ്രസ് നേതാക്കളും തിരിച്ചറിഞ്ഞത്. എന്തായാലും മുഖ്യമന്ത്രി ആയില്ലെങ്കിലും അതിന് തൊട്ടുതാഴെ തന്നെ നിൽക്കുന്ന ഒരു സ്ഥാനത്ത് കുഞ്ഞാലിക്കുട്ടിയെ ഇരുത്തേണ്ട ബാധ്യതയും ഇനി കോൺഗ്രസിനുണ്ട്.
ചുരുക്കത്തിൽ, കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് ഉയർത്തുന്ന ഈ ആത്മവിശ്വാസം വെറും അവകാശവാദങ്ങൾക്കപ്പുറം യുഡിഎഫിനുള്ളിലെ ശക്തി സന്തുലനത്തെ മാറ്റിമറിക്കാൻ പോന്നതാണ്. മലബാർ മേഖലയിലെ ലീഗിന്റെ അപ്രമാദിത്വം വോട്ടെണ്ണിക്കഴിയുമ്പോഴും ഈ കണക്കുകൾക്കൊപ്പമാണെങ്കിൽ, മുന്നണിക്കുള്ളിലെ ‘ബിഗ് ബ്രദർ’ റോളിലേക്ക് കോൺഗ്രസിനൊപ്പം ലീഗും അവകാശവാദമുന്നയിക്കുമെന്നുറപ്പ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരുകൾക്കിടയിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേര് കൂടി സജീവമായി ഉയർന്നു വരുന്നത് വരുംദിവസങ്ങളിൽ യുഡിഎഫിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിലപേശലുകൾക്കും വഴിതുറക്കും. അധികാരം ലഭിച്ചാൽ അത് പങ്കുവെക്കുന്നതിലെ തർക്കങ്ങൾ പരിഹരിക്കുക എന്നതാകും കോൺഗ്രസ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങൾക്കും സർവ്വേ ഫലങ്ങൾക്കും അപ്പുറം, ലീഗിന്റെ ഈ ’90-100′ കണക്കുകൾ യാഥാർത്ഥ്യമായാൽ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കാൻ പോകുന്നത് സമാനതകളില്ലാത്ത അധികാര സമവാക്യങ്ങൾക്കായിരിക്കും.




