മധ്യപ്രദേശ്: ഗ്വാളിയോറിൽ വിവാഹമോചനം നേടാൻ യുവതി സ്വീകരിച്ച അസാധാരണമായ വഴി ശ്രദ്ധേയമായി. ഭർത്താവിന്റെ സഹോദരിയെ തന്നെ ഭർത്താവിന്റെ രണ്ടാം ഭാര്യയായി ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ലഭിച്ചതെന്നതാണ് സംഭവം.
1998-ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ജോലിസംബന്ധമായി പലപ്പോഴും വീട്ടിൽ ഇല്ലാത്ത ഭർത്താവും ഭാര്യയും തമ്മിൽ പിന്നീട് തർക്കങ്ങൾ വർധിക്കുകയും 2015 മുതൽ വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. വിവാഹമോചനം വേണമെന്ന ആവശ്യം ഭർത്താവ് അംഗീകരിക്കാത്തതോടെ 2021-ൽ യുവതി കുടുംബകോടതിയെ സമീപിച്ചു.
ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതായി ആരോപിച്ച്, അതിന് തെളിവായി ഒരു കുടുംബഫോട്ടോ യുവതി കോടതിയിൽ സമർപ്പിച്ചു. അതിൽ ഭർത്താവിന്റെ സമീപത്ത് നിൽക്കുന്ന സഹോദരിയെ ‘രണ്ടാം ഭാര്യ’യായി അവതരിപ്പിക്കുകയായിരുന്നു. ഭർത്താവിന്റെ വാദം കേൾക്കാതെയാണ് കുടുംബകോടതി ഏകപക്ഷീയമായി വിവാഹമോചനം അനുവദിച്ചത്.
പിന്നീട് കോടതിയുടെ ഉത്തരവ് അറിഞ്ഞ ഭർത്താവ് രേഖകൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കുന്നത്.
ഇതിനിടെ, വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകിയ വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിനെ സമീപിച്ചു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.




