ധോണി: വനംവകുപ്പിന്റെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശ്രമങ്ങൾ വിഫലമായി. അട്ടപ്പാടി അബ്ബന്നൂർ വനത്തിൽ നിന്ന് രക്ഷപ്പെടുത്തി ചികിത്സ നൽകിയിരുന്ന കുട്ടിയാന ചികിത്സയ്ക്കിടെ മരിച്ചു.
അട്ടപ്പാടിയിലെ അബ്ബന്നൂർ വനത്തിൽ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഒരു ദിവസം പ്രായമുള്ള കുട്ടിയാനയെ പിന്നീട് ധോണിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. അമിതമായ ചൂടിനെ തുടർന്നുണ്ടായ വയറിളക്കമാണ് മരണത്തിന് പ്രധാന കാരണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കൂടാതെ ജന്മനാ ഉണ്ടായിരുന്ന ഹൃദയത്തെ ബാധിക്കുന്ന വൈറസ് രോഗബാധയും അവസ്ഥ വഷളാക്കിയതായി പറയുന്നു.
ചൂട് മൂലമുള്ള പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ആനക്കുട്ടിയെ ശീതീകരിച്ച മുറിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 11.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 14-നാണ് കുട്ടിയാനയെ വനത്തിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് 18-ന് പ്രത്യേക വാഹനത്തിൽ ധോണി എലിഫൻ്റ് കെയർ സെൻ്ററിൽ എത്തിച്ച് ചികിത്സ ആരംഭിച്ചിരുന്നു. ഡോ. ഡേവിസ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
പാറയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ശരീരത്തിൽ മുറിവുകളുമുണ്ടായിരുന്നു. തുടക്കത്തിൽ ഇളനീരും പാലുമാണ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വയറിളക്കം രൂക്ഷമായതോടെ ആരോഗ്യനില വഷളായി. ഹൃദയത്തിലെ വൈറസ് ബാധയും കൂടി രൂക്ഷമായതോടെ കുട്ടിയാനയെ രക്ഷിക്കാനായില്ല.
തള്ളയാന ഈ രോഗബാധ കാരണം കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.




