ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ കാരണം വിശദീകരിച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ. തന്റെ യൗവനത്തിലെ 15 വർഷം പാർട്ടിക്കായി നൽകിയെങ്കിലും ഇപ്പോൾ ആം ആദ്മി പാർട്ടി പഴയതുപോലെയല്ലെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ചില അഴിമതിക്കാരുടെ കൈകളിലാണെന്നും രാജ്യത്തിനുവേണ്ടിയല്ല, സ്വന്തം നേട്ടത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയിൽ തുടരുക, രാഷ്ട്രീയം വിടുക, അല്ലെങ്കിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും പറഞ്ഞു.
എന്നാൽ പാർട്ടിയിൽ വിഷലിപ്തമായ അന്തരീക്ഷമാണുള്ളതെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനും പാർലമെന്റിൽ സംസാരിക്കാനും തടസ്സങ്ങൾ നേരിടേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും പറഞ്ഞു. താൻ മാത്രമല്ല, മറ്റ് ഏഴ് എംപിമാരും ഇതേ കാരണങ്ങളാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭയത്താൽ പാർട്ടി വിട്ടതല്ലെന്നും നിരാശയും അസന്തോഷവുമാണ് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ വ്യക്തി തെറ്റായ പാർട്ടിയിൽ ആയിരുന്നുവെന്ന നിലയിലായിരുന്നു താനെന്നും ഇനി ബിജെപിയിൽ ചേർന്ന് ജനപ്രശ്നങ്ങൾ കൂടുതൽ ശക്തമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.




