മുംബൈ: പ്രശസ്ത ഹിന്ദി നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. നാൽപ്പത് വർഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധേയമായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു ഭരത് കപൂർ.
അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിക്ക് സമീപമുള്ള ശ്മശാനത്തിൽ നടത്തി. ഏപ്രിൽ 30-ന് വൈകിട്ട് 5 മുതൽ 7 വരെ നോർത്ത് ബോംബെ അസോസിയേഷനിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
‘നൂരി’, ‘റാം ബൽറാം’, ‘ലവ് സ്റ്റോറി’, ‘ബസാർ’, ‘ഖുദാ ഗവാ’, ‘മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ്’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകളാണ്. സിനിമകൾക്ക് പുറമെ ‘അമാനത്ത്’, ‘സാൻസ്’, ‘താരാ’, ‘ചുനൗതി’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു.
ഭരത് കപൂറിന്റെ നിര്യാണത്തിൽ പ്രമുഖ സിനിമാ പ്രവർത്തകനായ അശോക് പണ്ഡിറ്റ് അനുശോചനം രേഖപ്പെടുത്തി. തന്റെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഓർമ്മകൾ എന്നും നിലനിൽക്കുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.




