കൊച്ചി: കോൺഗ്രസിനുള്ളിൽ മുറുകുന്ന മുഖ്യമന്ത്രി പോര് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയെ അനുകൂലിച്ചാണ് ഫ്ളക്സിലെ വാചകങ്ങൾ.
കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ഉയർന്ന ഫ്ലക്സിൽ സതീശന്റെ പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കേവലം പിആർ വർക്കുകളുടെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ മോശക്കാരാക്കി മുഖ്യമന്ത്രി കസേരയിലെത്താമെന്ന മോഹം നടക്കില്ലെന്ന് ഫ്ലക്സ് മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിക്കായി വർഷങ്ങളോളം വിയർപ്പൊഴുക്കിയ നേതാക്കളെ തഴഞ്ഞ് സോഷ്യൽ മീഡിയാ പ്രതിച്ഛായയിലൂടെ അധികാരം പിടിക്കാനുള്ള സതീശന്റെ നീക്കങ്ങൾക്കെതിരെ അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നാണ് ഫ്ലക്സിലെ വരികൾ സൂചിപ്പിക്കുന്നത്.




