കൊച്ചി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയുടെ കടുത്ത ഭാഷയിലുള്ള വിമർശനം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി രാപ്പകൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോലും വോട്ട് ചെയ്യാൻ മതിയായ സൗകര്യം ഒരുക്കാനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ഏകദേശം ഇരുപതിനായിരത്തോളം ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ലെന്ന ആരോപണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുക എന്നത് കമ്മീഷന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്നും കോടതി ഓർമ്മിപ്പിച്ചു. ജില്ലാ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാമായിരുന്നില്ലേ എന്ന് ചോദിച്ച കോടതി, ഉദ്യോഗസ്ഥരുടെ വോട്ട് സംബന്ധിച്ച കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്താൻ കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ, ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനായി മതിയായ സൗകര്യങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നുവെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറച്ചുനിൽക്കുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാൻ പോകുന്ന അന്തിമഘട്ടത്തിലാണെന്നും, എക്‌സിറ്റ് പോളുകൾ അടക്കം പുറത്തുവരാനിരിക്കുന്ന ഈ സമയത്ത് ഉദ്യോഗസ്ഥർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകുന്നത് പ്രായോഗികമല്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. വോട്ടവകാശം എന്നത് ഭരണഘടനാപരമായ മൗലികാവകാശമാണെന്നും കമ്മീഷന് വേണ്ടി ജോലി ചെയ്തവർക്ക് തന്നെ അത് നിഷേധിക്കപ്പെട്ട സാഹചര്യം അങ്ങേയറ്റം അപലപനീയമാണെന്നും ആക്ഷൻ കൗൺസിൽ സെക്രട്ടറി എസ്. ഇർഷാദ് പ്രതികരിച്ചു. കേസിൽ കമ്മീഷൻ നൽകുന്ന കണക്കുകൾ പരിശോധിച്ച ശേഷം കോടതി കൂടുതൽ നടപടികളിലേക്ക് കടക്കും.




