കാസർകോട്: പച്ചത്തേങ്ങയുടെ വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞു. ഇപ്പോൾ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 42 രൂപയും ഉണങ്ങിയ തേങ്ങയ്ക്ക് 52 രൂപയുമാണ് വിപണിയിലെ വില. ഏഴു മാസത്തിനിടെ ഏകദേശം 36 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിനെ തുടർന്നു കൊപ്രയുടെ വിലയും ഇടിഞ്ഞു. കിലോയ്ക്ക് 200 രൂപയിൽ നിന്നു 150 രൂപയായി കുറഞ്ഞു. ഉണ്ട കൊപ്രയ്ക്ക് 225 രൂപയിൽ നിന്ന് 180 രൂപയിലേക്ക് വില താഴ്ന്നു.
വെളിച്ചെണ്ണയുടെ വിലയും ലിറ്ററിന് 260 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. വില ഇനിയും താഴാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം വരെ നാളികേര കർഷകർക്ക് മികച്ച കാലമായിരുന്നു. വില 78 രൂപ വരെ ഉയർന്ന് സർവകാല റെക്കോർഡിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ 40 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്.
വില ഇടിവിന് പ്രധാന കാരണം തമിഴ്നാട്ടിൽ ഉൾപ്പെടെ തേങ്ങ ഉൽപാദനം വർധിച്ചതും കാലാവസ്ഥ മാറ്റവും ആണെന്ന് പറയുന്നു. അതുപോലെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറയുകയും ചെയ്തിട്ടുണ്ട്. നേരത്തെ തേങ്ങ പൊടിയാക്കി കയറ്റുമതി ചെയ്തിരുന്നെങ്കിലും യുദ്ധ സാഹചര്യം കാരണം അത് നിലച്ചതാണ് വിപണിയെ ബാധിച്ചത്.
കർഷകർക്ക് സഹായമായി നേരത്തെ കേരഫെഡ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ കാസർകോട് ജില്ലയിൽ നീലേശ്വരത്ത് മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.




