കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തിയതിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പന നടത്തുന്നത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളുമുണ്ടെന്ന് പോലീസ് കണ്ടെത്തി. കൊച്ചു കുട്ടികളുടെ ചിത്രം പോലും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിനെ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയെന്നാണ് ഇയാള്‍ പ്രതികരിച്ചത്. പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.




