ന്യൂഡൽഹി: സസ്പെൻഷൻ കാലയളവിൽ ദിവസേന ഓഫീസിൽ ഹാജരായി ഒപ്പിട്ട് ജോലി ചെയ്യണമെന്ന ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശത്തിനെതിരെ ഹർജി. കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹി കൺവീനറുമായ എ. ജയപ്രകാശാണ് ഹർജി സമർപ്പിച്ചത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ് ഹർജി നൽകിയത്. ഏഴ് ദിവസം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്നാരോപിച്ചാണ് ജയപ്രകാശിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഏഴ് ദിവസത്തെ കാഷ്വൽ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും യാതൊരു കാരണം വ്യക്തമാക്കാതെ അത് നിരസിച്ചതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കാൻസർ ബാധിതനായ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ, സ്വന്തം ചികിത്സ, ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എന്നിവ കാരണം കേരളത്തിലേക്ക് പോകേണ്ടിവന്നതായാണ് ജയപ്രകാശിന്റെ വിശദീകരണം. റസിഡന്റ് കമ്മീഷണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതിനിടെ റസിഡന്റ് കമ്മീഷണറും ഇടത് തൊഴിലാളി സംഘടനകളും തമ്മിലുള്ള തർക്കം ശക്തമാകുന്ന സാഹചര്യമാണ്. ജീവനക്കാർക്ക് അവകാശപ്പെട്ട അവധികൾ അനുവദിക്കുന്നില്ല, മാനസികമായി പീഡിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമായി സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. റംസാൻ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധിയപേക്ഷകൾ പോലും നിരസിച്ചതായി സംഘടനകൾ ആരോപിക്കുന്നു.
ഉന്നതതല പിന്തുണ കാരണം കമ്മീഷണർക്ക് അനുകൂലമായ തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്ന ആക്ഷേപവും ഉയരുന്നു. അതേസമയം, വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നടപടി കടുപ്പിക്കുന്നുവെന്ന ആരോപണവും സംഘടന നേതാക്കൾ ഉന്നയിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.




