ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ചതായി ആരോപിച്ച് നടനും പാർട്ടി നേതാവുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ടിവികെയ്ക്കുവേണ്ടി വോട്ട് അഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമാണെന്ന് സംഘടന പറയുന്നു. കുട്ടികളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് കൗൺസലിങ് നൽകണമെന്നും ആവശ്യപ്പെട്ടു.
വിജയ്‌യോടുള്ള അമിതാരാധന മൂലം കുട്ടികൾ കരയുന്നതും ഭക്ഷണം നിരസിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിജയ്‌ക്കെതിരെ സ്വമേധയാ കേസ് എടുക്കണമെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ബാലാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടു.






