ഇടുക്കി: ഇടുക്കിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയെ 14 ദിവസത്തേക്ക് റിമാന്റെ ചെയ്തു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കാണാതായതിൽ മകൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി സജി ഒളിവിലായിരുന്നു. വീടിന് സമീപത്തെ മലമുകളിലാണ് രണ്ട് ദിവസം സജി ഒളിവിൽ കഴിഞ്ഞത്. പിടിയിലാകുമെന്ന് മനസ്സിലായതോടെ 12 മണിയോടെ സജി മലയിറങ്ങി. ഇത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി സജി കുറ്റം സമ്മതിച്ചിരുന്നു. സ്വത്ത് തർക്കത്തിൻ്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിൻ്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി. സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയുമാണ് കൊന്നതെന്നും അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ചെന്നും ഭിത്തിയിലേക്കെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. സജി ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.




