ന്യൂഡൽഹി: ഇന്ത്യയിലെ റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്നതിൽ മോശം റോഡ് രൂപകൽപ്പനയും ഒരു പ്രധാന കാരണമാണെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സിവിൽ എഞ്ചിനീയർമാരുടെയും കൺസൾട്ടന്റുമാരുടെയും രൂപകൽപ്പനയിലെ പിഴവുകളും അപകടങ്ങൾക്ക് കാരണമാകുന്നതായി അദ്ദേഹം വിമർശിച്ചു.
ഈ പശ്ചാത്തലത്തിൽ റോഡ് രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തി അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് യു.പിയിലെ ഗംഗ എക്സ്പ്രസ് വേയിൽ പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ്പ്രസ് വേ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.
ദീർഘദൂര യാത്രയിൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ക്ഷീണവും ഉറക്കച്ചടവും മൂലമുള്ള അപകടങ്ങൾ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യയിലും ലോകത്തും നിരവധി അപകടങ്ങൾ ഡ്രൈവർമാർ മയങ്ങി നിയന്ത്രണം നഷ്ടപ്പെടുന്നതിനാൽ സംഭവിക്കുന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഗംഗ എക്സ്പ്രസ് വേയിൽ “വൈറ്റ് ലൈൻ ഫീവർ” പോലുള്ള അപകടകരമായ അവസ്ഥകൾ ഒഴിവാക്കാൻ പ്രത്യേക രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒരേ രീതിയിലുള്ള റോഡ് അടയാളങ്ങളും നീണ്ട ലെയ്ൻ മാർക്കിംഗും കാരണം ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ശ്രദ്ധക്കുറവ് ഒഴിവാക്കുകയാണ് ലക്ഷ്യം. ദീർഘദൂര ഡ്രൈവിനിടെ ഡ്രൈവർമാർക്ക് ക്ഷീണവും ശ്രദ്ധ നഷ്ടവും ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്ന തരത്തിലാണ് ഈ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.




