തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ വൻ മഴക്കുറവ് രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ട 106 മില്ലിമീറ്റർ മഴയ്ക്കു പകരം ഇത്തവണ ലഭിച്ചത് 37 മില്ലിമീറ്റർ മാത്രം. ഇതോടെ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചിരുന്നെങ്കിലും, വേനൽമഴ കൂടുതലായി ലഭിക്കേണ്ട ഏപ്രിലിൽ കുറവ് ഉണ്ടായതാണ് ആകെ മഴയിൽ ഇടിവുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 126 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. 2024-ൽ ഇത് 41 മില്ലിമീറ്ററായിരുന്നു.
ഈ വർഷം എല്ലാ ജില്ലകളിലും മഴക്കുറവ് അനുഭവപ്പെട്ടു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ (149 മില്ലിമീറ്റർ) ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇവിടെ പോലും 19 ശതമാനം കുറവാണ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10 ശതമാനം മാത്രം ലഭിച്ചു. തൃശ്ശൂരിൽ 20 ശതമാനം മാത്രമാണ് ലഭിച്ചത്. കാസർകോട് ജില്ലയിൽ 79 ശതമാനവും കോട്ടയത്ത് 73 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. മെയ് മാസത്തിന്റെ തുടക്കത്തിൽ കുറച്ച് കൂടുതൽ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ.




