പാലക്കാട്: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള വിതരണം നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ പോലും ഈ മാസം മുഴുവന്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക ശക്തമാണ്.
രണ്ടാംവിള കൃഷിക്കായി ജലം വിട്ടതിനെ തുടര്‍ന്ന് കുടിവെള്ളത്തിനായി സംവരിച്ച ജലശേഖരത്തില്‍ വലിയ കുറവ് സംഭവിച്ചു. ഇടമഴ ലഭിക്കാത്തതും വേനല്‍ കടുത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇതോടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
മുന്‍പ് നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലേക്കു മാത്രം ജലം നല്‍കിയിരുന്ന പദ്ധതി പിന്നീട് വ്യാപിപ്പിച്ചെങ്കിലും, നിലവില്‍ എലവഞ്ചേരി ഒഴികെയുള്ള പുതിയ പഞ്ചായത്തുകളിലേക്കുള്ള വിതരണം നിർത്തിവച്ചു. പല്ലശ്ശന, എരിമയൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിതരണം ഇതിനകം നിര്‍ത്തിയിട്ടുണ്ട്. അയിലൂരില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രമാണ് ജലവിതരണം. നെന്മാറയില്‍ ടൗണ്‍ മേഖല ഒഴികെ ഉള്‍പ്രദേശങ്ങളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
355 അടി പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് മഴക്കാലത്ത് നിറഞ്ഞിരുന്നു. രണ്ടാംവിളക്കായി വെള്ളം തുറന്നശേഷം 307 അടിയായിരുന്ന നില ഇപ്പോൾ 305 അടിയായി താഴ്ന്നു. 303 അടിയിലേക്ക് താഴ്ന്നാല്‍ പമ്പിങ് സംവിധാനവും ബാധിക്കപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം തന്നെ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് വെള്ളം ഉയര്‍ത്തുന്നത്.
ഇതിനിടെ, ശാസ്ത്രീയ പഠനം കൂടാതെയാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്കു പദ്ധതി വ്യാപിപ്പിച്ചതെന്ന വിമര്‍ശനം ശക്തമാകുന്നു. ആവശ്യമായ ജലലഭ്യത ഉറപ്പാക്കാതെ പദ്ധതി നടപ്പാക്കിയതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ പമ്പിങ് നടത്തുന്നതിനുള്ള വൈദ്യുതി സൗകര്യം ഉറപ്പാക്കാന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചെങ്കിലും തുടര്‍നടപടികള്‍ കാത്തിരിക്കുകയാണ്.
കിഫ്ബി സഹായത്തോടെ 180 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന സമഗ്ര ശുദ്ധജല പദ്ധതി വഴി ഒമ്പത് പഞ്ചായത്തുകളിലേക്കാണ് ജലവിതരണം ലക്ഷ്യമിട്ടത്. പൊതുമരാമത്ത് വകുപ്പിനും മറ്റ് ചെലവുകള്‍ക്കും ഉള്‍പ്പെടെ ആകെ ചെലവ് 274.45 കോടി രൂപയാകുന്നു.




