എറണാകുളം: ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ. ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകളാണ് ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നത്. ജിപിഎസ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ഭാഗത്ത് നിന്ന് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാത്തതാണ് നിലവിലെ പ്രശ്‌നം. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി ബസുകൾക്ക് സർവീസിനുള്ള അനുമതി ലഭിക്കുകയുള്ളു.
വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ജിപിഎസ് ഉപകരണങ്ങളുടെ കരാർ നൽകിയിരിക്കുന്നത്. ആലുവ, പെരുമ്പാവൂർ ഡിപ്പോകളിൽ ആറ് വീതം ബസുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ടെസ്റ്റിനായി കാത്തിരിക്കുകയാണ്. കോതമംഗലത്ത് ഒരു ബസും പിറവത്ത് രണ്ട് ഓർഡിനറി ബസുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഡിപ്പോകളിൽ തുടരുകയാണ്. പെയിന്റിങ് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ പൂർത്തിയായ ബസുകളാണ് ഇപ്പോൾ പല ഡിപ്പോകളിലും ആഴ്ചകളായി കാത്തുകിടക്കുന്നത്.


