മുംബൈ: മുംബൈയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ തുടക്കത്തിൽ ഉയർന്ന തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ എന്ന സംശയം പ്രാഥമിക റിപ്പോർട്ടുകൾ തള്ളി. വീട്ടിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കൃത്രിമ നിറമോ മധുരമോ ചേർത്തതായി കണ്ടെത്താനായില്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.
എന്നാൽ, ഫോറൻസിക് പരിശോധനയിൽ മരിച്ചവരുടെ ആന്തരികാവയവങ്ങളിൽ നിറംമാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിഷാംശം പ്രവേശിച്ചതിന്റെ സൂചനയാകാമെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാധാരണ ഭക്ഷ്യവിഷബാധയിൽ കാണാത്ത തരത്തിലുള്ള മാറ്റങ്ങളാണിതെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. ഇതോടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മൊബൈൽ ഷോപ്പ് ഉടമയായ അബ്ദുള്ള ദൊക്കാദിയ (45), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ തണ്ണിമത്തൻ കഴിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് രാവിലെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം നാലുപേരും മരിച്ചു.
പോസ്റ്റ്‌മോർട്ടത്തിൽ മസ്തിഷ്കം, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള അവയവങ്ങളിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. കൂടാതെ അബ്ദുള്ള ദൊക്കാദിയയുടെ ശരീരത്തിൽ മോർഫിൻ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ശക്തമായ വേദനാസംഹാരിയായ ഈ മരുന്ന് ശരീരത്തിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ഇത് ചികിത്സയുടെ ഭാഗമായിരുന്നോ, അല്ലെങ്കിൽ ബോധപൂർവം ആരെങ്കിലും നൽകിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. അന്തിമ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.






