കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച വിവാദം സുപ്രീംകോടതിയിൽ. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിൽ കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമായി കൗണ്ടിങ് ചുമതല നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേസ് ശനിയാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളിൽ ഇത്തരമൊരു നിർബന്ധമില്ലെന്നും ബംഗാളിൽ മാത്രം ഇത്തരമൊരു നടപടി സ്വീകരിക്കുന്നതും സംശയാസ്പദമാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയും പാർട്ടി ഉയർത്തി. എന്നാൽ, കേന്ദ്ര-സംസ്ഥാന ജീവനക്കാരെ നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ തിരഞ്ഞെടുപ്പിനിടെ സംഘർഷങ്ങളും വിവാദങ്ങളും തുടരുകയാണ്. ബംഗാളിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തൃണമൂൽ പ്രവർത്തകരെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഹൗറയിൽ വോട്ട് ചെയ്യാനെത്തിയ ഒരാളെ കേന്ദ്രസേന തള്ളിവീഴ്ത്തി കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണവും പാർട്ടി ഉന്നയിച്ചെങ്കിലും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല.
അതേസമയം, ചില കേന്ദ്രങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താനും തീരുമാനമായി. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ് നടക്കുക. ഏപ്രിൽ 29-ലെ വോട്ടെടുപ്പ് അസാധുവായതിനെത്തുടർന്ന് മേയ് 2-ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.






