മലപ്പുറം: സ്വർണവില കുത്തനെ ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം. പുഴയുടെ സ്വാഭാവികതക്ക് ഭീഷണിയാവുന്ന തരത്തിലാണ് സ്വര്‍ണ ഖനനം നടത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയിൽ ഖനനം പോലീസ് തടഞ്ഞു. ചാലിയാറിന്റെ മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ ആഴത്തില്‍ കുഴിയെടുത്ത് കുറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചുള്ള സ്വര്‍ണഖനനമാണ് പൊലീസ് തടഞ്ഞത്. സ്വര്‍ണഖനനം നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പുഴയിലെ അനധികൃത ഖനനത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള ആറ് മോട്ടോറുകള്‍, കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന കൈകോട്ടുകള്‍, പിക്കാസുകള്‍, മണൽ വാരാൻ ഉപയോഗിക്കുന്ന കൊട്ടകള്‍ എന്നിവയും പോലീസ് പിടികൂടി. പുഴയിലെ ആഴത്തിലുള്ള കുഴികൾ പല അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.




