വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് കാർമാർഗം കൊല്ലൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു.
കർണാടകയിലെ മുൻ എംഎൽഎമാരായ ഡിഎം ഫറൂഖ്, കമറുദ്ദീൻ ബാവ എന്നിവർ ചേർന്ന് മംഗളൂരു വിമാനത്താവളത്തിൽ സതീശനെ സ്വീകരിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
യുഡിഎഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയുള്ള സതീശൻ, അധികാരത്തിലെത്തിക്കാൻ കഴിയാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷവും അദ്ദേഹം ഈ നിലപാട് ആവർത്തിച്ചിരുന്നു.
ഇതിനിടെ പുറത്തുവന്ന ഒൻപത് എക്സിറ്റ് പോളുകളിലും യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സാഹചര്യത്തിൽ, മുന്നണിയെ നയിക്കുന്ന സതീശന്റെ ഈ ക്ഷേത്രദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടിയിട്ടുണ്ട്. അടുത്ത ചില നേതാക്കളോട് മാത്രമാണ് സന്ദർശന വിവരം അദ്ദേഹം പങ്കുവെച്ചത്.




