തിരുവനന്തപുരം: ബെംഗളുരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ മരണത്തിൽ കേരളത്തില്‍ പരാതി നല്‍കി കുടുംബം. ബാംഗ്ലൂര്‍ ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല എന്നാണ് കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് അരുവിക്കര പൊലീസിൽ കുടുംബം പരാതി നല്‍കിയത്.
ആദിത്യന്റെ മരണത്തിന് കാരണം മാനസിക പീഡനം തന്നെയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കോളേജിലെ അധ്യാപകന്‍ സന്ദീപ് പാണ്ഡ്യയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു. ബെംഗളൂരുവില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആദിത്യന്റെ കുടുംബം ആരോപിക്കുന്നത്. ആദിത്യന്‍ പഠിച്ച ബെംഗളൂരു ബിടിഎല്‍ നഴ്‌സിങ് കോളേജ് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണെന്നും അതുകൊണ്ടുതന്നെ പൊലീസ് അനങ്ങുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ രംഗത്ത് വന്നിട്ടിട്ടുണ്ട്. നീതി കിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.




