തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തമ്മിൽ അഭിപ്രായഭിന്നത. മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. മന്ത്രി പി. രാജീവ് പദ്ധതി ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവെക്കണമെന്നും, സ്വകാര്യ കമ്പനിയുടെ കരാർ പുതുക്കാനുള്ള അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മുൻപ് മന്ത്രിസഭ എടുത്ത തീരുമാനം അനുസരിച്ച് പദ്ധതി സർക്കാർ ഏറ്റെടുക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു.
ഓൺലൈൻ വഴി ചേർന്ന യോഗത്തിലാണ് ഇരു മന്ത്രിമാരും തമ്മിൽ വാദപ്രതിവാദം നടന്നത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് വിഷയത്തിൽ ഒരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. നിയമവകുപ്പ് സെക്രട്ടറി കൺവീനറായും വ്യവസായ, ഊർജ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളായും സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പദ്ധതി ഏറ്റെടുക്കൽ നടപടി നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് ഊർജ വകുപ്പിന് കത്ത് നൽകി.
പത്തനംതിട്ടയിൽ സ്ഥിതിചെയ്യുന്ന 12 മെഗാവാട്ട് ശേഷിയുള്ള മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നടത്തുന്നത്. 30 വർഷം കഴിഞ്ഞാൽ പദ്ധതി വൈദ്യുതി ബോർഡിന് കൈമാറണമെന്നായിരുന്നു കരാർ. 2024 ഡിസംബറിൽ കരാർ കാലാവധി അവസാനിച്ചു. എന്നാൽ 25 വർഷത്തേക്ക് കൂടി കരാർ നീട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടു. 2018, 2019 പ്രളയങ്ങളിൽ ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ വലിയ തുക ചെലവാക്കിയതിനെ തുടർന്നാണ് ഈ ആവശ്യമെന്ന് കമ്പനി പറയുന്നു.
വൈദ്യുതി ബോർഡ് ഈ അപേക്ഷ തള്ളിയെങ്കിലും വ്യവസായ വകുപ്പ് അനുകൂല നിലപാട് എടുത്തതോടെ വിഷയം കൂടുതൽ സങ്കീർണമാകുകയായിരുന്നു. മാർച്ച് 14-ന് ചേർന്ന മന്ത്രിസഭാ യോഗം പദ്ധതി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പദ്ധതി ഏറ്റെടുക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ കമ്പനി സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നുമാണ് വിവരം.




