കോഴിക്കോട്: വെള്ളയിൽ പ്രവർത്തിക്കുന്ന ഒരു പ്രിന്റിങ് പ്രസിൽ തീപിടിത്തം. ‘റെഡ്സ്റ്റാർ’ എന്ന സ്ഥാപനത്തിലാണ് ഇന്ന് ഉച്ചയോടെ സംഭവം നടന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ പുറത്തേക്ക് ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി.
വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. നിലവിൽ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലേക്ക് പുക ഉയർന്നതായി റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രിന്റിങ് പേപ്പറുകൾ കത്തിനശിച്ചതായി അറിയിച്ചെങ്കിലും ഉപകരണങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല.




