കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ രേഖപ്പെടുത്തിയ 990 വോട്ടുകൾ ആദ്യഘട്ട വോട്ടെണ്ണലിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസത്തിൽ നടത്തിയ മോക് പോളിലെ വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്ന് നീക്കം ചെയ്യാതിരുന്നതിനാലാണ് ഈ തീരുമാനം. എന്നാൽ, മോക് പോളിന്റെ സ്ലിപ്പുകൾ വിവിപാറ്റ് മെഷീനിൽ നിന്ന് മുമ്പേ എടുത്തുമാറ്റിയതിനാൽ, നിലവിലുള്ള സ്ലിപ്പുകൾ വോട്ടർമാർ ചെയ്ത വോട്ടുകളുടേതു മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ സ്ലിപ്പുകൾ പിന്നീട് എണ്ണിയാൽ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കും. മോക് പോളിൽ രേഖപ്പെടുത്തിയ സ്ലിപ്പുകൾ പ്രത്യേകം കവറിൽ സൂക്ഷിച്ചിട്ടുമുണ്ട്. ഇതിനാൽ, വിവിധ റൗണ്ടുകളായി നടക്കുന്ന വോട്ടെണ്ണലിൽ ഈ ബൂത്തിലെ വോട്ടുകൾ ആദ്യം എണ്ണില്ല. എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി അന്തിമ കണക്കെടുപ്പ് നടത്തും.
ഓരോ മണ്ഡലത്തിലെയും നറുക്കെടുത്ത അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾക്കൊപ്പം ഈ ബൂത്തിലെ സ്ലിപ്പുകളും എണ്ണും. മോക് പോളിന്റെ ഭാഗമായി 50 വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. മോക് പോൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥികളുടെ ഏജന്റുമാരെ അറിയിച്ചും അവരുടെ സമ്മതത്തോടെ സർട്ടിഫിക്കറ്റ് സ്വീകരിച്ചുമാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു.




