ഇടുക്കി: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോയ് കെ പൗലോസ് വിജയം നേടി. 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. റോയ് കെ പൗലോസിന് 70,562 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ 46,740 വോട്ടുകൾ നേടി. വാശിയേറിയ പോരാട്ടമായി കരുതിയ മത്സരത്തിൽ റോഷി അഗസ്റ്റിന് കനത്ത തോൽവിയാണ് നേരിട്ടത്.
2001 മുതൽ റോഷി അഗസ്റ്റിന്റെ ശക്തമായ മണ്ഡലമായിരുന്നു ഇടുക്കി. 2021ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം 66,436 വോട്ടുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തി മണ്ഡലം പിടിച്ചെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തന്നെ ജില്ലയിൽ യുഡിഎഫ് മുന്നേറ്റം പ്രകടമായിരുന്നു. പല പഞ്ചായത്തുകളിലും വിജയിച്ച് ജില്ലയിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ഭൂപ്രശ്നങ്ങൾ, പട്ടയ പ്രശ്നങ്ങൾ, വികസന കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇത്തവണ തെരഞ്ഞെടുപ്പിൽ നിർണായകമായി. ഇതാണ് യുഡിഎഫിന് അനുകൂലമായി മാറിയതെന്ന് വിലയിരുത്തപ്പെടുന്നു.






