റാന്നി: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി.
റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണിത്.
അതിജീവനത്തിൻറെ പശ്ചാത്തലത്തിൽ നിന്നാണ് റാന്നിയിൽ രാഷ്ട്രീയം രൂപപ്പെടുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലമാണ് റാന്നി. മഴക്കാലത്തെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, റോഡുകളുടെ തകർച്ച, വന്യജീവി ശല്യം, കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം എന്നിവ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ശബരിമല സ്വർണ്ണകൊള്ള തുടങ്ങി വികസനം വരെ മണ്ഡലത്തിൽ ചർച്ചയായി മാറിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളായിരുന്നു കടന്നു പോയിരുന്നത്. മാത്രമല്ല സിപിഐഎം – ആർഎസ്എസ് ഡീൽ ആരോപിക്കപ്പെടുന്ന മറ്റൊരു മണ്ഡലം കൂടിയായിരുന്നു റാന്നി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 1,285 വോട്ടുകൾക്കാണ് പ്രമോദ് നാരായണൻ വിജയിക്കുന്നത്. 1996 മുതൽ ഇടത് ഭൂരിപക്ഷം ഉയർത്തുന്ന മണ്ഡലമാണ് റാന്നി.






