തിരുവനന്തപുരം: എൽഡിഎഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണ് ഇപ്പോൾ സംഭവിച്ചതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് ഒരു വിധിവൈപരിത്യമാണ്. ഒരുകാലത്തും ഇല്ലാത്തവിധമുള്ള സാമൂഹ്യ-ക്ഷേമ വികസനം. അതോടൊപ്പം, അന്യാദൃശ്യമായ പശ്ചാത്തലസൗകര്യ നിർമ്മാണം. ഇത്തരമൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഫേസബുക്കിൽ കുറിച്ചു.
യുഡിഎഫിന്റെ ദുഷ്പ്രചാരണത്തിനാണ് മേൽകൈ ഉണ്ടായതെന്നു വ്യക്തം. ഇതിലൊന്ന് ബിജെപി – എൽഡിഎഫ് ഡീലിനെക്കുറിച്ച് യുഡിഎഫ് നടത്തിയ നട്ടാൽക്കുരുക്കാത്ത നുണ പ്രചാരണമാണ്. ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവിൽ എന്നുള്ളത് പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. മൂന്നിടത്തും എൽഡിഎഫ് ആണ് രണ്ടാം സ്ഥാനത്തെന്നും അദ്ദേഹം പറയുന്നു.
ഇനിയുള്ള ദിവസങ്ങളിൽ കൂട്ടായി ഈ കടമ വീണ്ടും ഏറ്റെടുക്കും. ജനങ്ങളുടെയും പാർടി അനുഭാവികളുടെയും വിമർശനങ്ങൾ തുറന്ന മനസോടെ പരിശോധിച്ച് തിരുത്തലുകൾ വരുത്തും. എന്തോ മഹാതകർച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട. മതനിരപേക്ഷതയിൽ കേരളത്തെ ഉറപ്പിച്ചു നിർത്തണം. ബിജെപിയെ ഇന്നത്തെ നിലയിൽ തളച്ചിടുകയല്ല, പുറകോട്ടു തള്ളിനീക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഒരു സംശയവുംവേണ്ട കൊടുങ്കാറ്റുപോലെ നാം തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


