കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമിച്ച ഏകദേശം 25 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദ് ആണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്. കൊല്ലം– ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്‌എച്ച്ഒ പ്രദീപ് പി.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം.
ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ആനന്ദിന്റെ ബാഗ് പരിശോധിക്കുമ്പോഴാണ് പണം കണ്ടെത്തിയത്. ഒരു ലക്ഷം രൂപയുടെ 25 കെട്ടുകളായി പൊതിഞ്ഞ നിലയിൽ പണം സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. പണത്തിന് ആവശ്യമായ രേഖകൾ ഇയാൾക്ക് കാണിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.




