ലണ്ടൻ: 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പാദ സെമിയില്‍ മാഡ്രിഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്‍റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യൻസ് ലീഗിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്.
മത്സരത്തിന്‍റെ 41-ാം മിനിറ്റിലായിരുന്നു ബുക്കായോ സാക്കയുടെ വിജയഗോള്‍. ലിയാൻഡ്രോ ട്രൊസാർഡ് തൊടുത്ത ഷോട്ട് അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് തടഞ്ഞെങ്കിലും, പന്ത് പിടിച്ചെടുത്ത സാക്ക ക്ലോസ് റേഞ്ചിലൂടെ വലകുലുക്കി. അൽവാരസിലൂടെയും ഗ്രീസ്മാനിലൂടെയും അത്‌ലറ്റിക്കോ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ആഴ്സണലിന്‍റെ പ്രതിരോധ മതിലിൽ തട്ടി അവയെല്ലാം തകർന്നു. ബയേൺ മ്യൂണിക്-പി.എസ്.ജി രണ്ടാംപാദ സെമിയിലെ വിജയികളാകും ഫൈനലില്‍ ആഴ്സണലിന്‍റെ എതിരാളികള്‍. മെയ് 30-ന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ഫൈനൽ.




