ആന്ധ്ര പ്രദേശ്: വിവാഹത്തിന് ശേഷം ഭാരം കൂടിയതിനെ തുടർന്ന് പരിഹാസങ്ങളും തർക്കങ്ങളും രൂക്ഷമായതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവമാണ് ആന്ധ്ര പ്രദേശിൽ പുറത്തുവന്നത്. കടപ്പ ജില്ലയിലെ പ്രൊഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യ പദ്മജയെ കൊലപ്പെടുത്തിയത്. മഡൂർ സ്വദേശിനിയായ പദ്മജ വിവാഹസമയത്ത് തന്നെ കിരണിനേക്കാൾ വണ്ണം കൂടിയവളായിരുന്നു. എന്നാൽ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ കണ്ണുവച്ച കിരൺ പദ്മജയുടെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്.
ഭാരം കൂടുന്നതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ സ്ഥിരമായി തർക്കമുണ്ടായിരുന്നു. ഭാരം കുറയ്ക്കാൻ പദ്മജയെ കിരൺ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നെങ്കിലും ശ്രമങ്ങൾ ഫലിക്കാത്തതോടെ ഭാര്യയെ ഇല്ലാതാക്കാൻ ഇയാൾ തീരുമാനിച്ചു. കൊലപാതകത്തിനുള്ള മാർഗങ്ങൾ കണ്ടെത്താൻ യുട്യൂബിനെ ആശ്രയിച്ച കിരൺ, അവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഷം സമാഹരിച്ചതായാണ് പൊലീസ് പറയുന്നത്.
സംശയം ഒഴിവാക്കാൻ സ്വന്തം വീട്ടിലേക്ക് ഭാര്യയെ കൊണ്ടുപോയ കിരൺ, ആദ്യം ഏറെ സ്നേഹത്തോടെ പെരുമാറി. തുടർന്ന് മധുരപലഹാരമായ പാൽകോവയിൽ വിഷം കലർത്തി നൽകി. വിഷം കഴിച്ച പദ്മജ ബോധരഹിതയായെങ്കിലും മരിക്കാത്തതിനാൽ, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. തുടർന്ന് ഹൃദയാഘാതമാണെന്ന് പറഞ്ഞ് കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
മരണത്തിൽ സംശയം തോന്നിയ പദ്മജയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പരിശോധനയിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ നടത്തിയ ചോദ്യം ചെയ്യലിൽ കിരൺ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.




