മുംബൈ: ഐപിഎൽ ഫൈനൽ മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റി. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ തട്ടകത്തിൽ ഫൈനൽ നടക്കുക എന്ന പതിവാണ് ഇതോടെ ബിസിസിഐ ഇത്തവണ മാറ്റി കുറിച്ചത്. സാങ്കേതിക കാരണങ്ങളാണ് മാറ്റത്തിന് പിന്നിലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്. എന്നിരുന്നാലും, ബംഗളൂരുവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളുമാണ് തിരിച്ചടിയായതെന്ന് സൂചനയുണ്ട്.
കർണാടകയിലെ ജനപ്രതിനിധികൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ പോര് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ആര്‍സിബിയുടെ കിരീടനേട്ടശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളിൽ ഇത് നാലാം തവണയാണ് അഹമ്മദാബാദ് ഫൈനലിന് വേദിയാകുന്നത്. പ്ലേ ഓഫ് മത്സരങ്ങൾ ധർമ്മശാലയിലേക്കും മുല്ലൻപൂരിലേക്കും മാറ്റിയിട്ടുണ്ട്. മെയ് 31-നാണ് ഫൈനൽ മത്സരം.






