കൊല്ലം: ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.
മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനിൽ ജയൻ (40) ആണ് പ്രതി. 2020 ഡിസംബർ 1-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാളത്തുംഗൽ സഹൃദയ ക്ലബ്ബിന് സമീപം താമസിച്ചിരുന്ന ഭാര്യ രജിയെയും മകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ജയന്റെ നിരന്തര പീഡനത്തെ തുടർന്ന് രജി മൂന്ന് പെൺമക്കളുമായി കുടുംബവീട്ടിലേക്ക് മാറിയിരുന്നു. ലോട്ടറിക്കടയിൽ ജോലി ചെയ്യാൻ പോയതിന്റെ വൈരാഗ്യത്തിൽ ഇയാൾ ആസിഡ് ആക്രമണം നടത്താൻ തീരുമാനിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. രാത്രി വീട്ടിലെത്തിയ പ്രതി ആദ്യം വഴക്കുണ്ടാക്കിയ ശേഷം പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഒളിവിൽ പോയെങ്കിലും പിന്നീട് വീണ്ടും എത്തി ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ രജിയുടെയും മകളുടെയും ശരീരത്തിന് ഗുരുതര പരിക്കേറ്റു. ഇവരെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം പ്രതി ജാമ്യം നേടി ഒളിവിൽ പോയിരുന്നു. 2025 ഓഗസ്റ്റ് 5-ന് ഇയാളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. വിചാരണ കാലയളവിൽ ഇയാൾ ജാമ്യമില്ലാതെ ജയിലിലായിരുന്നു. ഭാര്യയും മകളും ഉൾപ്പെടെയുള്ള പ്രധാന സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി. മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ. ഗോകുൽ പി. രാജ് എന്നിവർ ഹാജരായി.




