കൊച്ചി: അമ്മ ജനറൽബോഡിയിൽ ഉണ്ടായ നാടകീയ സംഭവങ്ങൾക്കും ഭരണസമിതിയുടെ രാജിക്കും പിന്നാലെ മൗനം വെടിഞ്ഞു നടി ശ്വേത മേനോൻ. വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതിനെ തുടർന്നാണ് ഭരണസമിതി രാജിവെച്ചതെന്ന് അവർ പറഞ്ഞു.
ഇത് ദൗർബല്യം അല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ തീരുമാനമാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി. നിലവിലെ ഭരണസമിതിയുടേയും മുൻ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
തനിക്കെതിരെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തെറ്റായ പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടന്നുവെന്നും ശ്വേത ആരോപിച്ചു. എന്നാൽ ഭൂരിപക്ഷ പിന്തുണയോടെ താൻ വിജയിച്ചതായും അവർ പറഞ്ഞു. മുൻ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാനുള്ള അവസരം ചിലർ തടഞ്ഞുവെന്നും അവർ വിമർശിച്ചു. താൻ സംഘിയോ കമ്മിയോ അല്ലെന്നും, സർക്കാർ പരിപാടികളിൽ പങ്കെടുക്കാത്ത നിലപാട് സ്വീകരിച്ചിരുന്നുവെന്നും ശ്വേത മേനോൻ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സൂചിപ്പിച്ചുകൊണ്ടാണ് അവരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.




