കൊച്ചി: വാഹന മോഡിഫിക്കേഷനുകൾ പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഗതാഗത കമ്മീഷണർ സമിതിക്ക് നേതൃത്വം നൽകും. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും.
വാഹനങ്ങളിൽ ചെയ്യാവുന്ന മാറ്റങ്ങൾ രണ്ട് വിഭാഗങ്ങളായി തിരിച്ച് പഠനം നടത്തും. ഫീസ് അടച്ച് അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളും സമിതി പരിശോധിക്കും. സ്റ്റിക്കർ ഒട്ടിക്കൽ, വാഹനത്തിന്റെ നിറം മാറ്റൽ തുടങ്ങിയ കാര്യങ്ങളും പഠന പരിധിയിലാകും. സമിതി ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും. 100 ദിവസത്തിനുള്ളിൽ ആദ്യ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തും.
അതേസമയം, റോഡപകടങ്ങൾ അന്വേഷിക്കാൻ “പോസ്റ്റ് ആക്‌സിഡന്റ് കമ്മിറ്റി” എന്ന പേരിൽ മറ്റൊരു വിദഗ്ദ സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി സി.പി. ജോൺ ഇതിന് നിർദേശം നൽകിയിട്ടുണ്ട്. എംവിഡി, പൊലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളാകും. റോഡിലെ പ്രശ്നങ്ങൾ, അപകടങ്ങളുടെ കാരണം എന്നിവ കണ്ടെത്തുക എന്നതാണ് ലക്ഷ്യം. നിലവിലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ സമിതികൾ രൂപീകരിക്കുന്നത്.





