തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് എൽഡിഎഫ് കൺവീനർ ആകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് സിപിഐഎമ്മിൽ ആലോചനകൾ നടക്കുന്നതായി വിവരം. നിലവിലെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പദവി ഒഴിയാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിന് യുവമുഖം നേതൃത്ത്വം നൽകുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. അതിന്റെ ഭാഗമായി പി. രാജീവിന്റെ പേര് വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. മുൻപ് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പി. രാജീവിന്റെ പേര് ചര്‍ച്ചയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കളമശ്ശേരിയിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് പാർട്ടിയിൽ കൂടുതൽ പ്രധാനപ്പെട്ട പദവി നൽകേണ്ടതുണ്ടെന്ന അഭിപ്രായവും ഉയർന്നിരുന്നു.
കളമശ്ശേരി മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ വി.ഇ. അബ്ദുൽ ഗഫൂറിനോട് 16,312 വോട്ടിന് പി. രാജീവ് പരാജയപ്പെട്ടു. മന്ത്രിയായിരിക്കെ നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തോൽവിയായിരുന്നു ഉണ്ടായത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റെ ചര്‍ച്ചകൾക്ക് ശേഷമേ ഉണ്ടാകൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






