കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്ത മമ്മൂട്ടി–മോഹൻലാൽ മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിത്രം അനധികൃതമായി റെക്കോർഡ് ചെയ്ത് വിവിധ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിച്ചതായാണ് കണ്ടെത്തൽ.
നിർമാതാവ് ആന്റോ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. മേയ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിനെ തുടർന്ന് നിർമാണക്കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. ഡോ.ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏകദേശം 125 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.




